വലിയതുറ: വേളി കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.
50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ വേളി തീരക്കടലില്‍ കണ്ടെത്തിയത്. കൈകള്‍ മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
വേളിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയവരാണു തീരക്കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ തുമ്പ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ മൂക്കില്‍നിന്നു രക്തം പുറത്തുവന്നു കട്ടപിടിച്ചിട്ടുണ്ട്. വിരലില്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ മഷി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ അടുത്ത സമയം ഉപതിരഞ്ഞെടുപ്പു നടന്ന വിഴിഞ്ഞം പ്രദേശം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കൂടാതെ മരിച്ച സ്ത്രീയുടെ കഴുത്തില്‍ കൊന്തയും ഉണ്ടായിരുന്നു. സംഭവം കൊലപാതകം ആകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം പുരോഗ മിക്കുന്നത്. മുന്നോട്ടുപോകുന്നത്. പ്രാഥമിക പരിശോധനയില്‍ മീന്‍ കൊത്തിയ മുറിവല്ലാതെ മറ്റു മുറിപ്പാടുകള്‍ ശരീരത്തിലില്ല. പോലീസിനു പുറമമേ ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി.
സമീപ സ്റ്റേഷനുകളിലെ മിസിംഗ് കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീരദേശ മേഖലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് അറിയിപ്പ് നല്‍കിയതായും തുമ്പ പോലീസ് പറഞ്ഞു.വിഴിഞ്ഞം കോസ്റ്റല്‍ പോലീസിനും സന്ദേശം കൈമാറിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തുമ്പ പോലീസ് അസ്വാഭികമരണത്തിന് കേസെടുത്തു.